ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മുഖാമുഖം നിൽക്കുന്ന കുറവൻ-കുറത്തി മലകളും അവയെ കൂട്ടിയിണക്കന്ന ആർച്ച് ഡാമുമാണ് ഇടുക്കി എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ചെറുസമുദ്രം പോലെ ഇടുക്കി ജലാശയം നിലകൊള്ളുന്നു. ബഹു.ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി.ഇന്ദിരാഗാന്ധി 1976 ഫെബ്രുവരി 12-ന് കമ്മീഷൻ ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചത് മുതൽ കേരളത്തിലെ അനേകായിരം ഭവനങ്ങൾക്കും സ്ഥാപനങ്ങൾക്കും കാറ്റും വെളിച്ചവും കൂറ്റൻ യന്ത്രങ്ങളെ ചലിപ്പിക്കുവാൻ പോന്ന ശക്തിയും നിർലോഭം നൽകിവരുന്ന ഇടുക്കി ജലവൈദ്യുതപദ്ധതിയെ ഒട്ടൊരു ആദരവോടെയല്ലാതെ നോക്കികാണുവാൻ സാധിക്കുകയില്ല.
ചരിത്രത്തിന്റെ താളുകൾ പുറകോട്ടു മറിച്ചാൽ തമിഴ്നാട്ടിൽ നിന്നും കുടിയേറിയ നാടുവാഴികളുടെ പരമ്പരയിൽപ്പെട്ടവരാണ് ഇവിടുത്തെ ആദിമ നിവാസികൾ എന്ന നിഗമനത്തിൽ എത്തിച്ചേരും. പ്രാചീനമായി നിരവധി പുരാവസ്തുക്കൾ പല പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കപ്പെടിടുണ്ട്.
1950 മുതൽ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും പട്ടിണിയുടെയും പരാധീനതകളുടെയും കണ്ണീർ വീണ് നനഞ്ഞ മണ്ണാണ് ഇടുക്കി. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ സംഭവ പരമ്പരകൾ അധികമൊന്നും പറയുവാനില്ല എന്നിരിക്കിലും അസംഘടിതരും നിരാലംബരുമായ കുടിയേറ്റ കർഷകന്റെ അദ്ധ്വാനത്തേയും അഭിമാനത്തേയും മാനിക്കാതെ ഇടുക്കി പദ്ധതിയിക്കു വേണ്ടി നിഷ്കരണം കുടിയിറക്കപ്പെട്ട ഒരു ജനതയുടെ വിലാപം ഇന്നും അന്തരീഷത്തിൽ അലയടിക്കുന്നുണ്ട്. ഇത്തരത്തിൽ നോക്കിയാൽ വികസനത്തിനുവേണ്ടി സാമൂഹിക നീതി നിക്ഷേധിക്കപ്പെട്ട ഒരു ജനതയുടെ ആത്മനൊമ്പരങ്ങൾ പേറുന്നവരാണ് ഇവിടുത്തെ ഒന്നും രണ്ടും തലമുറകൾ എന്നത് യാഥാർത്ഥ്യമാണ്. പൊതു സാമൂഹിക വികസന പദ്ധതികൾക്കുവേണ്ടി തങ്ങളുടെ സമ്പാദ്യവും അദ്ധ്വാനവും ബലികഴിച്ചവരാണ് ഇവിടുത്തെ ജനത എന്നത് ഒട്ടും ചെറുതല്ലാത്ത ആത്മസമർപ്പണമായി കാണേണ്ടതുണ്ട്.