ഭൂമി ശാസ്ത്രം

സമുദ്ര നിരപ്പിൽ നിന്നും ശരാശരി 3000 അടി ഉയരത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ  മിക്ക പ്രദേശങ്ങളും. ഉത്തര അക്ഷാശം 7700 യ്ക്കും 7800 യ്ക്കും പൂർവ്വരേഖാംശം 1000യ്ക്കും 1100 യ്ക്കും ഇടയിലുമാണ് ബ്ലോക്കിന്റെ  സ്ഥാനം. ബ്ലോക്കിന്റെ  കിഴക്ക് ഭാഗത്ത് കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളും പടിഞ്ഞാറ് തൊടുപുഴ ബ്ലോക്കും തെക്കുഭാഗത്തായി ഇളംദേശം, അഴുത, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളും വടക്ക് ഭാഗത്തായി അടിമാലി ബ്ലോക്കുമാണ് അതിരുകൾ. ഇടുക്കി  ബ്ലോക്ക് പഞ്ചായത്തിൽ 6 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

 

ജല ലഭ്യത

വർഷത്തിൽ ശരാശരി 3000 മി. മീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂരിഭാഗവും. താഴ്വാരങ്ങളിൽ മിക്ക പ്രദേശത്തും ജല സാന്നിദ്ധ്യമുണ്ട്. മഴ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാത്തതിനാൽ സമ്യദ്ധമായി മഴ ലഭിക്കുന്നുണ്ടെങ്കിലും വേനൽ കാലത്ത് കുന്നിൻപ്രദേശങ്ങളിൽ ജലക്ഷാമം സർവ്വസാധാരണമാണ്. ജല ലഭ്യതയാൽ അനുഗ്രഹീതമാണ് ബ്ലോക്ക് പ്രദേശം എന്നിരുന്നാലും വേനൽ കാലത്ത് കടുത്ത വരൾച്ചയെ നേരിടേണ്ടിവരുന്നു. 40 -ൽ പരം തോടുകളും തൊടുപുഴയാറും, പെരിയാറും ചിന്നാറും 2 ചെറിയ പുഴകളും ബ്ലോക്ക് പ്രദേശത്തുകൂടി ഒഴുകുന്നു.

 

ഭൂവിനിയോഗം

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭൂവിസ്‌തൃതിയുടെ  60 ശതമാനത്തിലധികവും കൃഷിയിടങ്ങളാണ്.   ശേഷിക്കുന്ന 40 ശതമാനത്തിൽ വനപ്രദേശവും ഇടുക്കി ജലാശയവും ഉപയോഗശൂന്യമായ തരിശുകളും കാർഷികേതര ഭൂമിയും ഉൾപ്പെടുന്നു. 

 

കാർഷിക വിളകൾ

പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തിലൂടെ ഉരുത്തിരിഞ്ഞ സമ്മിശ്ര കൃഷിരീതിയാണ് ഇവിടെ പൊതുവേ കാണപ്പെടുന്നത്, ആധുനിക കൃഷിരീതികളുടെ കടന്നുവരവോടെ ഭക്ഷ്യവിളകൾ ക്രമേണ തോട്ടവിളകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വഴിമാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് അറക്കുളം ഗ്രാമപഞ്ചായത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന റബ്ബർ കൃഷി മറ്റു് പഞ്ചായത്തുകളിലും സർവ്വ സാധാരണമായിട്ടുണ്ട്. കുരുമുളക്, കാപ്പി, ഏലം, കൊക്കോ, ഗ്രാമ്പു തുടങ്ങിയവ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും സമൃദ്ധമായി കൃഷി ചെയ്‌തുവരുന്നു. അറക്കുളം, കാമാക്ഷി, വാത്തിക്കുടി, മരിയാപുരം ഗ്രാമപഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ തേയിലയും കൃഷിചെയ്‌തുവരുന്നു. കാർഷിക വൃത്തിയിൽ എർപ്പെട്ടിരിക്കുന്നവരിൽ ബഹുദൂരിപക്ഷവും ചെറുകിട നാമമാത്ര കർഷകരാണ്. കാലാവസ്ഥ വ്യതിയാനം, വിളകൾക്കുണ്ടാകുന്ന രോഗ-കീടബാധകൾ, വില തകർച്ച തുടങ്ങിയവ ഈ മേഖല നേരിടുന്ന മുഖ്യവെല്ലുവിളികളാണ്.